അവര്‍ ഒരു നാല് പേരുണ്ടായിരുന്നു, സാനു,മനു,വിനു പിന്നെ അനുവും. ഒന്നാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ്സു വരെ ഒരേ ക്ലാസ്സില്‍ പഠിച്ചു, ഒരേ പാത്രത്തില്‍ ഉണ്ട്, ഒരേ സോഡ പങ്കിട്ടു കുടിച്ചു, ഒരേ ബോണ്ട പങ്കിട്ടു കഴിച്ചു ഒരു ഏഴു വര്ഷം..സര്‍വശക്തനായ ദൈവം തമ്പുരാന്‍ ചെറുവത്തൂരിലെ എല്ലാ സ്കൂളുകളും എന്തിനാണ് കുന്നിന്‍ മുകളില്‍ കൊണ്ട് സ്ഥാപിച്ചത് എന്ന് ഇവര്‍ എല്ലാവരും അന്തം വിട്ടു ആലോചിക്കാറുണ്ട്. (വടക്ക് GHS Kuttamath, മയിലാട്ടി കുന്നിന്റെ മോളിലും, തെക്ക് JTS Chervathur, കുളിയന്‍ പാറയുടെ മുകളിലും ഇനി കിഴക്ക് GHS Thimiri ആകട്ടെ, തിമിരി കുന്നിന്റെ മോളിലും, പഠിക്കെണ്ടവര്‍ കുന്നു കയറി പഠിച്ചാ മതി എന്നത് അങ്ങേരുടെ ഒരു തീരുമാനം ആയിരുന്നിരിക്കണം, പക്ഷെ ചെറുവത്തൂരിനു മാത്രം ഈ നിയമം അടിച്ചേല്‍പ്പിക്കുക എന്നത്, ഒരു ഫ്യൂഡല്‍ മൂരാച്ചി നയം ആയിരുന്നു എന്ന് പറയാതിരിക്കുക വയ്യ). എന്നിരുന്നാലും GWUP സ്കൂള്‍ എന്നാ UP സ്കൂള്‍ എങ്കിലും മടിക്കുന്നിന്റെ താഴെ സ്ഥാപിക്കാന്‍, തമ്പുരാന്‍ സന്മനസ്സ് കാണിച്ചത് കൊണ്ട്, സ്വതവേ മടിയന്മാരായ ഇവര്‍ക്ക് കുന്നു കയറാതെ തന്നെ, ഏഴാം തരാം വരെ പഠിക്കാന്‍ പറ്റി.

GWUP സ്കൂള്‍ ഒരു കൊച്ചു സ്കൂള്‍ ആയിരുന്നു. എഴാതരം വരെ പരമാവധി രണ്ടു ഡിവിഷന്‍ മാത്രം ഉള്ള ഒരു സ്കൂള്‍. ഓരോ ദിവിഷനിലും നാല്പതു മുതല്‍ അമ്പതു വരെ വിദ്യാര്‍ഥികള്‍. കുന്നിന്റെ ചെരുവില്‍ ഉള്ള ഈ വിദ്യാലയത്തില്‍ എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ഇവര്‍ പഠിക്കുമ്പോള്‍ പ്രഗല്‍ഭരായ അധ്യാപകരും, മികച്ച റിസല്ടും ഉണ്ടായിരുന്നു. തല തെറിച്ചവരും, തല തെറിച്ചു കൊണ്ടിരിക്കുന്നവരും, ഭാവിയില്‍ തല തെറിക്കാനുള്ളവരും, തെറിക്കാന്‍ തല ബാക്കിയില്ലത്തവരും ഇങ്ങനെ ക്ലാസ്സിലെ വിദ്യാര്‍ഥികളെ തരം തിരിച്ചു വരുമ്പോള്‍, ഒരു ആവറേജ് തോന്ന്യവാസവും എന്നാല്‍ പ്രത്യേകിച്ച് പറയിപ്പിക്കാത്ത കൂട്ടരും ആയിരുന്നു ഇവര്‍. സാനുവിന് വര ആയിരുന്നു പ്രധാനം, എപ്പോഴും ചിത്രം വരയുക എന്നത് അവന്റെ ഒരു വീക്നെസ്സുമാണ്. മനുവിനാകട്ടെ കളി കഴിഞ്ഞിട്ടേ ഉള്ളൂ എന്തും, ബുധനും വെള്ളിയും മാത്രമുള്ള അവസാന പീരീഡ്‌ അവനു ഏറ്റവും പ്രിയപ്പെട്ട കളിക്ക്(Drill) ബെല്‍ അടിക്കുന്നതും നോക്കി ഇരിക്കാറുള്ള വിദ്വാന്‍, മണി നാദം കേട്ട ഉടനെ ഓടിപ്പോയി സ്റ്റാഫ്‌ റൂമില്‍ നിന്നും ഫുട്ബോള്‍ കൊണ്ടുവന്നു, മടിയന്മാരായ മറ്റു പഹയന്മാരെ ഒക്കെ കുത്തി പൊക്കി പന്തിനു പിന്നാലെ ഉരുണ്ടുരുണ്ട് ഓടുന്ന മനുവിന്റെ രൂപം അത്ര പെട്ടെന്നൊന്നും ആര്‍ക്കും മറക്കാന്‍ പറ്റില്ല. മൂന്നാമന്‍ വിനു ആകട്ടെ, എക്സ്ട്രാ കരികുലര്‍ ആക്ടിവിറ്റികളില്‍ ഏറ്റവും ഇഷ്ടം വണ്ടി ഓടിക്കല്‍ ആയിരുന്നു, ത്രിവേണി നോട്ടു ബുക്ക്‌ കീറി അതില്‍ ഭാരത് ട്രാവല്‍സ് എന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതി, ഷര്‍ട്ടിന്റെ ബട്ടണില്‍ കൊളുത്തി വച്ച് വരാന്തയിലൂടെ ബസ്‌ ഓടിക്കുക എന്നത് ആശാന്റെ പ്രധാന്‍ വിനോദം ആയിരുന്നു. (ഒരിക്കല്‍ ഈ ബസ്‌ ആക്സിടെന്റ് ആയി, തലയും പൊട്ടിച്ചു ചോരയൊലിപ്പിച്ച് നിന്നപ്പോള്, ചന്ദ്രന്‍ മാഷ്‌ ആശുപത്രിയില്‍ കൊണ്ടുപോയി സ്ടിച് ഇടീപ്പിക്കുക വരെ ചെയ്യേണ്ടി വന്നിട്ടുണ്ട്). നാലാമന്‍ അനു ഒരു ചെറിയ ബുദ്ധിജീവി ആയിരുന്നു, വായന ആയിരുന്നു ഇഷ്ട വിനോദം, കുട്ടിക്കാലത്ത് പോളിയോ ബാധിച്ചു എഴുന്നേല്ക്കാണോ നടക്കാനോ കഴിയാത്ത അനുവിന് കളികളില്‍ പങ്കെടുക്കാന്‍ കഴിയാറില്ല, എങ്കിലും ക്ലാസിലിരുന്നു കത്തിയടിക്കാനും, കഥ പറയാനും അനുവും ഒട്ടും മോശമായിരുന്നില്ല.

ക്ലാസ്സുകള്‍ ജയിച്ചു കയറി നാല്‍വരും അങ്ങനെ ഏഴാം ക്ലാസ്സില്‍ എത്തി. കണക്ക് പഠിപ്പിക്കുന്ന ജനാര്‍ദ്ദനന്‍ മാഷ്‌, ഇംഗ്ലീഷ് പഠിപ്പിച്ച ദേവകി ടീച്ചര്‍ ഇവരൊക്കെ നന്നായി പഠിക്കുന്നതോടൊപ്പം, പഠിച്ചില്ലേല്‍ നല്ലോണം തല്ലാനും ബഹു മിടുക്കര്‍ ആയിരുന്നു, ജനാര്‍ദ്ദനന്‍ മാഷേ സംബന്ധിച്ച വളരെ രസകരമായ ഒരു കാര്യം അദ്ദേഹത്തിന്റെ നീല ഷര്‍ട്ട്‌ ആണ്, എന്നൊക്കെ ജനാര്‍ദ്ദനന്‍ മാഷ്‌ നീല ഷര്‍ട്ടിട്ടു വന്നുവോ, അന്നൊക്കെ തല്ലിന്റെ പൊടിപൂരം ആയിരുന്നു. പോരാത്തതിന് പഠിപ്പിക്കുന്നതാകട്ടെ കണക്കും. അവസാന പീരിയടിലെ അവസാന നിമിഷം വരെ ഒരു ത്രില്ലെര്‍ സിനിമ പോലെ ആയിരുന്നു ജനാര്ധനന്‍ മാഷുടെ ക്ലാസ്‌, ഏതു നിമിഷം ആണ് അടി വരുന്നത് എന്ന് പറയാന്‍ പറ്റില്ല.

ഒരിക്കല്‍ മുന്‍പിലെ ബെന്ചിലിരുന്നു അവസാനത്തെ കണക്ക് പീരീഡ്‌ പുറത്തോട്ടു നോക്കി, മണി എപ്പോ അടിക്കും എന്ന് ആകന്ക്ഷയോടെ നോക്കി നില്‍ക്കെ പൊടുന്നനെ വിനുവിനോട് ഒരു ചോദ്യം(കഷ്ടകാലത്തിനു അന്ന് സാര്‍ ഇട്ടതോ നീല ഷര്‍ട്ടും).

"രണ്ടു സമാന്തര രേഖകളെ ഒരു ഛെദകം ഖണ്ഡിക്കുമ്പോള്‍ ഉണ്ടാവുന്ന ഏകാന്തര കോണുകള്‍ തമ്മിലുള്ള ബന്ധം എന്താ"

വിനു ഞെട്ടി, തല ചൊറിഞ്ഞു, വീല്‍ ചെയറിലിരുന്ന അനുവിനെ നോക്കി, സാനുവും മനുവും താഴോട്ടു നോക്കിയിരിക്കുന്നു(വിറയല്‍ കണ്ടാല്‍ അറിയാം രണ്ടു പേര്‍ക്കും ഉത്തരം അറിയില്ല എന്ന്). അനു തന്റെ ബുക്കുകള്‍ പൊടുന്നനെ മറിച്ചുനോക്കി,വിനുവിനെ സഹായിക്കാന്‍ നോക്കി അപ്പോഴേക്കും ചൂരലുമായി സാര്‍ അടുത്തെത്തിയിരുന്നു.

വിനു തല ചൊരിഞ്ഞു:"അത്.. ആ ബന്ധം."

സാര്‍:"ഏതു ബന്ധം.... സംബന്ധം ആണോ?"

ഹൈ ക്ലാസ് കോമഡി പറഞ്ഞാലും ജനാര്‍ദനന്‍ മാഷുടെ ക്ലാസ്സില്‍ ആരും ചിരിക്കാറില്ലായിരുന്നു. അതിനുള്ള ധൈര്യം ആര്‍ക്കും ഇല്ലായിരുന്നു എന്ന് പറയുന്നതായിരുന്നു സത്യം.

'ഹം.. പറ എത്രയാ..."

സാറ് ചൂരല്‍ വളച്ചു, ചൂരലിന്റെ ചുടുചുംബനങ്ങള്‍ ഏറ്റു വാങ്ങാന്‍ വിനു കൈ നീട്ടി, "ഒരു വസ്തു പഠിക്കരുത്, എന്നിട്ട് പുറത്തോട്ടു മണി അടിക്കുന്നതും നോക്കി ഇരിക്കും." അടിയുടെ മാലപ്പടക്കം പൊട്ടി, വിനു തന്റെ കൈപ്പടം നോക്കി, വെളുത്ത കൈപ്പടത്തില്‍ കുറുകെ ചുവന്ന നാലുവരകള്‍, മുഖത്തെ കണ്ണീര്‍ തുടച്ചു മനസ്സില്‍ പ്രാകി വിനു സീറ്റില്‍ ഇരുന്നു. (അന്ന് അടികൊണ്ടത് കൊണ്ട് മാത്രമാ ഇന്ന് ഇത് എഴുതാന്‍ ആശാന് കഴിവുണ്ടായത് എന്ന ചിന്തിക്കാനുള്ള ദീര്‍ഘവീക്ഷണം അന്ന് വിനുവിന് ഉണ്ടായിരുന്നില്ല).

അങ്ങനെ ആ അധ്യയന വര്‍ഷവും തീര്‍ന്നു, സെന്റ്‌ ഓഫ്‌ വന്നെത്തി. പദ്മനാഭന്‍ മാഷ്‌(അന്നത്തെ ഹെഡ്‌ മാസ്ടര്‍) വികാരഭരിതനായി, തന്റെ വിട വാങ്ങല്‍ പ്രസംഗം നടത്തി. എന്നും പുരാണ കഥകള്‍ കോര്‍ത്തിണക്കി, പഠനവും കഥയും പുട്ടും തേങ്ങയും പോലെ വായില്‍ വച്ച് തരുന്ന സാര്‍ക്കും അന്ന് അവസാന അധ്യയന ദിനം ആയിരുന്നു. അവസാന ദിവസം നാല്‍വരും ഒരുമിച്ചു കൂടി, ഹൈ സ്കൂളില്‍ ഒരേ സ്കൂളില്‍, ഒരേ ക്ലാസ്സില്‍ തന്നെ പഠിക്കും എന്ന് തീരുമാനം എടുത്തു. രണ്ടു മാസത്തെ വെകേഷന് വേണ്ടി സ്കൂള്‍ അടച്ചു, നാലുപേരും വീട്ടിലേക്കു തിരിച്ചു.

നമ്മള്‍ കണക്ക് കൂട്ടുന്നത് പോലെ കാര്യങ്ങള്‍ നടക്കണം എന്ന് ഉടയോന് യാതൊരു നിര്‍ബന്ധവും ഇല്ല എന്ന്, ആദ്യമായി വിനുവിന് മനസ്സിലായി. ഈ പറഞ്ഞ നാല് പേര്‍ക്കും, ഒരു സ്കൂളില്‍ ജോയിന്‍ ചെയ്യാന്‍ സാധിച്ചില്ല, സാനുവും വിനുവും കുട്ടമത്ത്‌ സ്കൂളില്‍ ചേര്‍ന്ന് പക്ഷ വെവ്വേറെ ഡിവിഷനുകളില്‍, മനു JTSല്‍ ചേര്‍ന്ന്, ഈ രണ്ടു സ്കൂളുകളും കുന്നിന്‍ മുകളില്‍ ആയതിനാല്‍ അനുവിന്റെ പഠനം വഴി മുട്ടി, വീല്‍ ചെയറില്‍ കുന്നിന്‍ മുകളില്‍ പോകുക എന്നത് പ്രായോഗികമായിരുന്ന ഒരു കാര്യം ആയിരുന്നില്ല, മാത്രമല്ല അക്കാലത്ത് റോഡുകള്‍ വളരെ മോശവും ആയിരുന്നു.

പുതിയ കൂട്ടുകാര്‍, പുതിയ ലോകം, പുതിയ അറിവുകള്‍ സാനുവും, മനുവും വിനുവും ഒരു UP സ്കൂളിന്റെ ചെറിയ ലോകത്തില്‍ നിന്നും, ഹൈ സ്കൂളിന്റെ വിശാലമായ ലോകത്തിലെത്തി. ഒട്ടു നാളുകള്‍ക്കു ശേഷം അവര്‍ അവരെ തന്നെ മറന്നു തുടങ്ങിയിരുന്നു. ഓരോരുത്തര്‍ക്കും അവരവരുടെ ചുറ്റിലും അവരവരുടെ സ്വന്തം ലോകം ഉണ്ടാക്കി, ക്ലോസ് ഫ്രണ്ട് എന്ന് പറഞ്ഞ സൌഹൃദം അങ്ങനെ കാണുമ്പോള്‍ ചിരിച്ചു,തല കുലുക്കി സംസാരിക്കുന്ന പ്രായോഗിക സൌഹൃദത്തിനു വഴി മാറി. ഹൈ സ്കൂളുള്‍ വിദ്യാഭ്യാസത്തിനു ശേഷം സാനുവും വിനുവും പ്രീ ഡിഗ്രിക്കും പിന്നെ ഡിഗ്രിക്കും ചേര്‍ന്നു, മനു പൊളി ടെക്നികില്‍ ഡിപ്ലോമ കോര്സിനും ചേര്‍ന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി, ഇവര്‍ ആരും ഇപ്പോള്‍ കാണാറേ ഇല്ല. വിനു ഡിഗ്രിക്ക് ശേഷം കൊച്ചിയില്‍ ബിരുദാനന്ദര ബിരുദത്തിനു വണ്ടി കയറി, രണ്ടു വര്‍ഷത്തെ കത്തിക്കലിന് ശേഷം കൊച്ചിയില്‍ തന്നെ ജോലിയില്‍ കയറി, വല്ലപ്പോഴും നാട്ടില്‍ വരിക, വന്നാല്‍ തന്നെ വീട്ടില്‍ അടച്ചു കൂടി TVയും കണ്ടു കിടന്നുറങ്ങി സമയം കളയുക എന്നീ പരിപാടികള്‍ അല്ലാതെ പ്രത്യേകിച്ച് ഗുണമുള്ള കാര്യങ്ങള്‍ ഒന്നും ചെയ്യുന്ന ശീലം വിനുവിന് ഉണ്ടായിരുന്നില്ല. പുറത്തിറങ്ങുന്ന ദിവസങ്ങളില്‍ കാണുന്ന പഴയ കൂട്ടുകാരോട് കുറഞ്ഞ വാക്യങ്ങളില്‍ കുശലം പറഞ്ഞു തന്റെ ചെറിയ ലോകത്തില്‍ ഒതുങ്ങിക്കൂടി കഴിയവേ ഒരു ദിവസം വഴിയില്‍ മണിയെ കണ്ടു (മണിയും വിനുവിന്റെ GWUP സ്കൂളിലെ സഹപാടി ആയിരുന്നു.) വഴിയില്‍ വച്ച് കുശലപ്രശ്ങ്ങള്‍ക്ക് ശേഷം

മണി:"നീ അനുവിനെ കാണാറുണ്ടോ"

വിനുവിന് എന്ത് പറയണം എന്നറിഞ്ഞില്ല, അനുവിനെ കാണാനുള്ള ഏക വഴി അവന്റെ അടുത്ത് പോകുക എന്നത് മാത്രം ആയിരുന്നു, കാരണം അവനു മറ്റുള്ളവരെ കാണാന്‍ വരാന്‍ പറ്റില്ലല്ലോ, തല ചൊരിഞ്ഞു സ്വല്പം നിരാശയോടെ വിനു പറഞ്ഞു:"ഇല്ലാ."

മണി:"കൊള്ളാം, നീയൊക്കെ ഒരു നിലയില്‍ എത്തിയപ്പോള്‍ പണ്ട് ഒന്നിച്ചു പഠിച്ചവരെ പോലും ഓര്മ ഇല്ല അല്ലെ. അങ്ങനെ വേണം."

കൂടുതല്‍ ഒന്നും പറയാന്‍ നില്‍ക്കാതെ മണി തിരിച്ചു നടന്നു, വിനുവിന്റെ മുഖം വാടി, പറഞ്ഞത് ശരി ആണ്, താന്‍ തന്റെ കാര്യം മാത്രമേ നോക്കാരുള്ളൂ, ഇത്രയും കാലമായിട്ടു വെറും മൂന്നു കിലോമീടര്‍ അകലെ ഉള്ള അനുവിന്റെ വീട്ടില്‍ പോകുക എന്നത് ഒരു മല മറിക്കേണ്ട കാര്യം ഒന്നും ആയിരുന്നില്ല, പക്ഷെ മടി തലയ്ക്കു പിടിച്ചത് കൊണ്ടും ഒന്നും ചെയ്യാന്‍ വയ്യ. ഇപ്പോള്‍ വര്‍ഷങ്ങള്‍ പതിനഞ്ചു കഴിഞ്ഞിരുന്നു. അവസാനമായി അനുവിനെ കണ്ടത് പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇപ്പോള്‍ അവന്‍ എങ്ങനെ ഇരിക്കും, തന്നെ കണ്ടാല്‍ തിരിച്ചറിയുമോ, അതോ ഇത്രയും നാള്‍ വരാതെ ഇപ്പോള്‍ കയറി വരുമ്പോള്‍ ഉള്ള പ്രതികരണം എന്തായിരിക്കും വിനുവിന്റെ ഉള്ളില്‍ ഉത്തരമിലാത്ത ചോദ്യങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരുന്നു.

അങ്ങനെ ഒരു ഞായറാഴ്ച അനുവിനെ കാണാന്‍ വിനു എത്തി, ദുര്‍ബലമായ തന്റെ കൈ കൊണ്ട് ചാനലുകള്‍ മാറ്റി Sunday TV പ്രോഗ്രാം കണ്ടു കൊണ്ടിരുന്ന അനുവിനു വിനുവിനെ ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി, പതിയെ ചിരിച്ചു കൊണ്ട് വിനുവിനോട് ഇരിക്കാന്‍ പറഞ്ഞു. വിനുവിനെ കുറെ നാളുകളായി ആദ്യമായി കാണുകയാണെന്നും സാനുവും,മനുവും ഇടക്കൊരു ദിവസം വന്നിരുന്നു എന്നും പറഞ്ഞതോടെ അക്ഷരാര്‍ത്ഥത്തില്‍ വിനു ചൂളിപ്പോയി.

അടുത്തുള്ള ചെയറില്‍ വിനു ഇരുന്നു, അനു ആകെ മാറി പോയിരുന്നു, മുന്‍പത്തേക്കാള്‍ ക്ഷീണിച്ച ശരീരം, മുഖത്ത് കുറ്റിരോമങ്ങള്‍ എഴുന്നു നില്‍ക്കുന്നു, കൊതി ഒതുക്കി വച്ചിരിക്കുന്ന തലമുടി, പക്ഷെ ആരുടെ മുന്നില്‍ തോല്‍ക്കില്ല എന്നാ വാശിയോടെ പുഞ്ചിരിക്കുന്ന മുഖം. തന്നെ തോല്‍പ്പിക്കാന്‍ വന്ന ക്രൂരനായ വിധിയുടെ പുറത്തു യാതൊരു ദാക്ഷിണ്യവും ഇല്ലാതെ കാറിത്തുപ്പി, എന്നെ തോല്‍പ്പിക്കാന്‍ നീ ജന്മങ്ങള്‍ ഇനിയും ജനിക്കണം എന്നു പറയുന്ന ഭാവം. കഴുത്തിന്‌ താഴെയുള്ള അവയവങ്ങളുടെ പ്രതികരണ ശേഷി വളരെ കുറഞ്ഞെങ്കിലും, കഴുത്തിന്‌ മുകളിലുള്ള തലയുടെ വിശകലനശേഷിക്കു ഒരു കുറവും ഉണ്ടായിരുന്നില്ല. പതിനഞ്ചു വര്‍ഷങ്ങള്‍ പുറം ലോകം കാണാതെ വീല്‍ ചെയറില്‍ കഴിഞ്ഞിട്ടും അനുവിന് സമകാലീന സാമൂഹ്യ, രാഷ്ട്രീയ കാര്യങ്ങളെ പറ്റി നല്ല കാഴ്ചപ്പാടും നിലപാടും ഉണ്ടായിരുന്നു. ഒരു മണിക്കൂറത്തെ സംഭാഷണത്തിന് ശേഷം വിനു വിട പറഞ്ഞു, വീണ്ടും വരും എന്ന അനുപല്ലവിയോടെ.

കുറച്ചു മാസങ്ങള്‍ക്ക് ശേഷം വിനു വീണ്ടും വന്നു, സംസാരത്തിനിടക്ക് കമ്പ്യൂട്ടറും കടന്നു വന്നു, അന്ന് അനുവിന്റെ വീട്ടില്‍ ഉണ്ടായിരുന്ന കമ്പ്യൂട്ടറില്‍ വിനു(ആശാന്‍) അങ്ങനെ ആദ്യമായി അനുവിനു കമ്പ്യൂട്ടറിന്റെ ഹരി ശ്രീ കുറിച്ചുകൊടുത്തു. വേഗം കുറഞ്ഞ ദുര്‍ബലമായ കൈകള്‍ ആദ്യമായി ഒരു ജിമെയില്‍ ID ഉണ്ടാക്കി, പിന്നെ ഒരു മെയില്‍ അയച്ചു, Constructive sadism ആശാന്റെ ഒരു വീക്നെസ് ആണ്, തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുക, കല്ലെടുക്കുമ്പോള്‍ തുമ്പിക്ക് തോന്നും തന്നെ കൊല്ലാനുള്ള പരിപാടി ആണെന്ന്, പക്ഷെ നിത്യാഭ്യാസി ആനയെ എടുക്കും എന്ന തത്വത്തില്‍ ഉറച്ചു വിശ്വസിക്കുന്ന ആശാനറിയാം കുറച്ചു കാലത്തിനു ശേഷം ഇതേ തുമ്പിക്ക് ഇനി കല്ലെടുക്കാന്‍ മാത്രമല്ല അത് ചുഴറ്റി എറിഞ്ഞു, അത് നോക്കി കൈ കൊട്ടി ചിരിക്കാന്‍ കൂടി പറ്റും എന്ന്. അങ്ങനെ അനുവെന്ന തുമ്പിയെ കൊണ്ട് ആശാന്‍ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ കല്ലെടുപ്പിച്ചു, അവന്റെ കൈകളിലെ വേദന കണ്ടില്ലെന്നു നടിച്ചു, ഇന്റെര്‍നെറ്റിന്റെ വാതായനങ്ങളിലൂടെ അവനെ പിച്ച വച്ച് നടത്തിച്ചു, കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉള്ള കഴിവ് ആവശ്യത്തിന് ഉള്ളത് കൊണ്ട്, അനുവിനു internet basics പഠിച്ചെടുക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. ഒരു പാട് നോവിച്ചു, കൈ വേദനിച്ചപ്പോള്‍ ആശാന്‍ തുമ്പിക്ക് വിശ്രമം കൊടുത്തു, വീട്ടിലേക്കു തിരിച്ചു.

മാസങ്ങള്‍ക്ക് ശേഷം ആശാന്(പഴയ വിനു) ഫേസ്ബുക്കില്‍ പുതിയ ഫ്രണ്ട് റിക്വസ്റ്റ് വന്നു, അനുവിന്റെ ആയിരുന്നു അത്, അപ്പോഴേക്കും അനുവിന് തന്റെതായ ഒരു ഫ്രണ്ട് സര്‍ക്കിളും ആശനോളം ഫ്രണ്ട്സും ഉണ്ടായിരുന്നു. കൂടാതെ സ്വന്തമായി ഇന്റര്‍നെറ്റില്‍ ഓണ്‍ലൈന്‍ ചെയ്യാന്‍ ജോലി നോക്കാനും തുടങ്ങിയിരുന്നു, ടയിപ് ചെയ്യാന്‍ കുറച്ചു വേഗവും കൈവന്നിരുന്നു. ഇടക്കിടക്കൊക്കെ ആശാന് മെസ്സേജും ആശാന്‍ തിരിച്ചും മെസ്സേജും ചെയ്യാറുണ്ട്, കുറച്ചു നാളുകള്‍ക്കും ശേഷം വിന്‍ഡോസ്‌ല്‍ നിന്നും ഉബുന്റുവിലെക്ക് മാറിയ അനുവിന്റെ ചില നേരത്തെ സംശയങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ സോഫ്റ്റ്‌വീര്‍ എഞ്ചിനീയര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ആശാന്‍ പോലും വെള്ളം കുടിക്കാറുണ്ട്.

ഈ കഥ ഒരിക്കലും എഴുതില്ല എന്ന് ആശാന്‍ തീരുമാനിച്ചതായിരുന്നു, ഇത് കൊണ്ട് അനുവിന്റെ അവസ്ഥക്ക് വല്ല മാറ്റവും ഉണ്ടാവുമെന്നോ അല്ല അവന്റെ കൂട്ടുകാര്‍ക്ക് കുറെ പബ്ലിസിറ്റി കിട്ടും എന്നോ യാതൊരു പ്രതീക്ഷയും ഇല്ലാ. ചുരുക്കിപ്പറഞ്ഞാല്‍ ഇത് എഴുതാനുള്ള പ്രചോദനം അനു ആയിരുന്നില്ല. അനു ഒരു നിര്‍ഭാഗ്യവാന്‍ ആണെന്ന് ആശാന്‍ വിശ്വസിക്കുന്നില്ല, തന്റെ തന്നെ ലോകത്തില്‍ സമാധാനവും സംതൃപ്തിയും ലഭിക്കുന്ന, തന്റെ ചെറു ലോകത്തില്‍ സന്തോഷവാനായിരിക്കുന്ന ആരും നിര്‍ഭാഗ്യവാന്മാര്‍ ആണെന്ന് ആശാന് തോന്നുന്നില്ല. സമ്പത്തിനും സൌഭാഗ്യങ്ങള്‍ക്കും നടുവില്‍ ഇരുന്നു കൊണ്ട്, ആര്‍ത്തിയും ആക്രാന്തവും മൂത്ത് സ്വന്തം ജീവിതത്തെ ശപിച്ചു, കിട്ടുന്ന "തുച്ചമായ" വരുമാനത്തില്‍ അസംതൃപ്തി പൂണ്ടു സ്വന്തം ടീമിനെയും കമ്പനിയെയും പ്രാകിക്കൊണ്ട്, ആശാന്റെ മുന്നില്‍ എന്നും ഒരു കൌതുകം ആയിരുന്ന പുതുപുത്തന്‍ സോഫ്റ്റ്‌വെയര്‍ സമൂഹമാണ് ഈ കുറിപ്പിന്റെ യഥാര്‍ത്ഥ പ്രചോദനം.

"Man.. this time also it sucks..you know what the shit I got this time.. and what was my last pay.. come on man what the f**k is this, when these shits are making hell lot of money and what the bloody heck they are doing to us. I'm done man.. I'm done.. this world is so crazy, so stupid and ridiculous I don't know why god is doing this to me."

ഈ വിലാപങ്ങള്‍ കേള്‍ക്കുമ്പോള്‍ ക്രൂരനായ ആശാന്‍ മനസ്സില്‍ ചിരിക്കാറുണ്ട്. സ്വന്തം സൌഭാഗ്യങ്ങളുടെ വില അറിയാത്ത, സ്വന്തം ജീവിതത്തിന്റെ മഹത്വം അറിയാത്ത അഭിനവഭാരതത്തിന്റെ ഭാവിപ്രതീക്ഷകള്‍ ആയ ആ സോഫ്റ്റ്‌വെയര്‍ യുവതയ്ക്ക് വേണ്ടി.. ആ "നിര്‍ഭാഗ്യവാന്മാരായ" ജനതയ്ക്ക് വേണ്ടി..അവരുടെ കണ്ണ് തുറപ്പിക്കാന്‍ ഇനിയും ആശാന്‍ ഇത് പോലെ തോന്ന്യവാസങ്ങള്‍ എഴുതി വിടും. അവര്‍ അറിയട്ടെ ഇതൊന്നും ഇല്ലാതെ ഒരുപാട് പ്രശ്നങ്ങളോടും സ്വന്തം ശരീരത്തോട് പോലും ദിനവും പട വെട്ടി, ഇവിടെ കുറച്ചു പേര്‍ സന്തോഷത്തോടെ ജീവിച്ചിരിക്കുന്നുണ്ട് എന്ന്.